Jabir Kunnil ( www.adayalangal.com )
കണ്ണൂരിലെ അറയ്ക്കല്‍ രാജവംശത്തെക്കുറിച്ച് സ്കൂളിലും മദ്രസയിലും പഠിച്ചിരുന്നതായി ഓര്‍ക്കുന്നു. എങ്കിലും പിന്നീടെപ്പോഴോ എന്റെ നാട്ടിലേക്ക് താമസം മാറിവന്ന കണ്ണൂരുകാരന് സുഹൃത്ത് പെരുമപറഞ്ഞ അറയ്ക്കല്‍ ചിത്രങ്ങളാണ് മനസില്‍ കയറിക്കൂടിയത്. ഞങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനെത്തിയിരുന്ന ഈ കൂട്ടുകാരന് കളിക്കിടയിലെ ഇടവേളകളില്‍ വാതോരാതെ സംസാരിച്ചതും അറയ്ക്കല്‍ വിശേഷങ്ങളായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ കേരളത്തിലെ ഏക മുസ്ലിം രാജവംശമെന്ന ഖ്യാതിയോടെ തലയുയര്ത്തിനില്ക്കുന്ന അറയ്ക്കല്‍ സ്മാരകങ്ങള്‍ കാണണമെന്ന ആഗ്രഹം അന്നേ ഉള്ളില്‍ കൂടുകെട്ടിയിരുന്നു.
കെട്ടിലും മട്ടിലും പഴമയുടെ പ്രൗഢി വിളിച്ചോതി നിലകൊള്ളുന്ന കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിന് അമ്പതുമീറ്റര്‍ അകലെയാണ് അറയ്ക്കല്‍ സമുച്ചയം അഥവാ അറയ്ക്കല്‍ കെട്ട് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ തനതായ ശൈലിക്കൊപ്പം ആംഗലേയ രീതിയും സമന്വയിച്ച വേറിട്ടൊരു നിര്‍മ്മാണ ശൈലിയിലാണ് അറയ്ക്കല്‍ സമുച്ചയമുള്ളത്.
തൊട്ടപ്പുറത്തുള്ള കണ്ണൂര്‍ ജില്ലയുടെ ഹൃദയഭാഗത്താണ് അറയ്ക്കല്‍ സമുച്ചയവും മസ്ജിദും മ്യൂസിയവുമൊക്കെ നിലകൊള്ളുന്നതെന്നറിഞ്ഞിട്ടും ആ ആഗ്രഹം പൂവണിഞ്ഞത് കഴിഞ്ഞയാഴ്ചയായിരുന്നു. അതും തികച്ചും യാദൃശ്ചികമായി. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ശേഷം യാത്ര പതിവാക്കിയ സുഹൃത്ത് അസ്ഹറുദ്ദീനാണ് ബൈക്കില്‍ കറങ്ങാനായി വിളിച്ചത്. കണ്ണൂരില്‍ പോവാമെന്ന് പറഞ്ഞപ്പോള്‍ അറയ്ക്കല്‍ സ്മാരകങ്ങളായി ലക്ഷ്യം. ഗൂഗിള്‍ മാപ്പും ലൊക്കേഷന്‍ ആപ്പും തുറന്നുവെച്ചുള്ള യാത്രയില്‍ മൊബൈല്‍ ഫോണ്‍ തന്നെ കൃത്യം വഴിയടയാളങ്ങളും സമയവും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.
കെട്ടിലും മട്ടിലും പഴമയുടെ പ്രൗഢി വിളിച്ചോതി നിലകൊള്ളുന്ന കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിന് അമ്പതുമീറ്റര്‍ അകലെയാണ് അറയ്ക്കല്‍ സമുച്ചയം അഥവാ അറയ്ക്കല്‍ കെട്ട് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ തനതായ ശൈലിക്കൊപ്പം ആംഗലേയ രീതിയും സമന്വയിച്ച വേറിട്ടൊരു നിര്‍മ്മാണ ശൈലിയിലാണ് അറയ്ക്കല്‍ സമുച്ചയമുള്ളത്. ചെങ്കല്ലിലും മരത്തിലുമാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന് 200 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ഇവിടത്തുകാര്‍ പറയുന്നു. അറയ്ക്കല്‍ കെട്ടിടത്തിന്റെ ഭാഗമായി ആരാധനാലയവും ഓഫീസും പടിപ്പുരയുമൊക്കെ നിലകൊള്ളുന്നു. സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നവീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധത്തിലുള്ള പുതിയ മാറ്റങ്ങളും ഇവിടെ നടത്തിവരികയാണ്.
അറയ്ക്കല്‍ സമുച്ചയത്തിന്റെ ദര്‍ബാര്‍ ഹാളാണ് സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ മ്യൂസിയം ആയി സംരക്ഷിച്ചുവരുന്നത്. ഇതാണ് അറയ്ക്കല്‍ മ്യൂസിയം എന്നറിയപ്പെടുന്നത്. രാജ്യ ഭരണത്തിന്റെ ഇതിഹാസ കഥകളും പോയകാലത്തിന്റെ പ്രതാപം വിളിച്ചോതുന്ന സ്മാരകങ്ങളും തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്കൂള്‍ കുട്ടികളടക്കമുള്ളവര്‍ ദിനേന ഇവിടെയെത്തുന്നുണ്ട്. അറയ്ക്കല്‍ മ്യൂസിയം നിലകൊള്ളുന്ന കെട്ടിടം അഞ്ചുപതിറ്റാണ്ട് മുമ്പ് വരെ അറയ്ക്കല്‍ രാജവംശത്തിന്റെ ദര്‍ബാര്‍ ഹാളും ഓഫീസുമായി ഉപയോഗിച്ചിരുന്നുവത്രെ. ഈ കെട്ടിടമാണ് വിനോദ സഞ്ചാരവകുപ്പ് മുന്‍ഗണനാടിസ്ഥാനത്തില്‍ ആദ്യമായി സംരക്ഷിച്ചത്. ദീര്‍ഘ ചതുരാകൃതിയിലുള്ള ഈ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നില രാജകുടുംബത്തിന്റെ കാര്യാലയമായും മുകളിലത്തേത് ദര്‍ബാര്‍ ഹാളായുമാണ് ഉപയോഗിച്ചിരുന്നത്. കേരളീയ വാസ്തുവിദ്യാ ശാസ്ത്രത്തിന്റെ മികവ് വിളിച്ചോതുന്ന ഈ കെട്ടിടം ഇന്നും അതേപടി സംരക്ഷിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. റോസ് വുഡ് തേക്കിലാണ് ഒന്നാം നിലയിലെ തറമുഴുവനും ഒരുക്കിയിട്ടുള്ളത്.
പത്തുവര്‍ഷം മുമ്പാണ് അറയ്ക്കല്‍ മ്യൂസിയം വിനോദ സഞ്ചാരവകുപ്പ് പൊതുജന ള്‍ക്കായി തുറന്നുകൊടുത്തത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഏകദേശം 90ലക്ഷത്തോളം രൂപ ചെലവിട്ടാണ് പുനരുദ്ധാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എങ്കിലും അറയ്ക്കല്‍ സമുച്ചയത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും അറയ്ക്കല്‍ രാജവംശത്തിന് തന്നെയാണ്. ഒരുകാലത്ത് രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പൈതൃക വസ്തുക്കളാണ് ഇവിടെ മതിയായ സൗകര്യത്തോടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. പഴയ ഖുര്‍ആന്‍, ഖുര്‍ആന്‍ കയ്യെഴുത്തുപ്രതികള്‍, വൈവിധ്യമാര്‍ന്ന പത്തായങ്ങളും ഫര്‍ണീച്ചറുകളും, ആദ്യ കാല ടെലഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍, വാളുകളും വിവിധ യുദ്ധോപകരണങ്ങളും, സ്പടികത്തിലും ലോഹങ്ങള്‍ കൊണ്ടുമുള്ള പാത്രങ്ങള്‍… തുടങ്ങിയ ഒട്ടനവധി പൈതൃക സ്വത്തുക്കള്‍ ഇതിനകത്തുണ്ട്. അതോടൊപ്പം അറയ്ക്കല്‍ രാജവംശത്തിന്റെ ചരിത്രവും ഇക്കാലം വരെയുള്ള ഭരണാധികാരികളെ സംബന്ധിച്ചുള്ള വിവരങ്ങളും രേഖപ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ താഴ്ഭാഗത്തായി പ്രമുഖരുടെ ചിത്രങ്ങളും ചെറുശില്പങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്.
ഉത്തരകേരളത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമായ പങ്കുള്ള അറയ്ക്കല്‍ കുടുംബം ഇപ്പോഴും രാജഭരണമെന്നപോലെയാണ് കഴിയുന്നത്. തലശ്ശേരിയില്‍ താമസിക്കുന്ന അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷാ ബീബിയാണ് ഈ രാജകുടുംബത്തിന്റെ ഇപ്പോഴത്തെ ഭരണാധികാരി. അറയ്ക്കല്‍ രാജകുടുംബത്തിന്റെ സ്വത്തുക്കള്‍ വിഭജിച്ചശേഷം കുടുംബാംഗങ്ങള്‍ പലരും വിവിധ ഭാഗങ്ങളിലേക്ക് താമസം മാറി. എങ്കിലും വിശേഷ ദിവസങ്ങളിലും പ്രധാന ചടങ്ങുകളിലും ഇവര്‍ ഒത്തുകൂടും.
ലിംഗസമത്വം ചൂടേറിയ ചര്‍ച്ചയായിരിക്കുന്ന ഇക്കാലത്ത് അറയ്ക്കല്‍ രാജവംശത്തിന്റെ ഭരണചരിത്രം ഏവരും മനസിലാക്കേണ്ടതായിട്ടുണ്ട്. മരുമക്കത്തായം സ്വീകരിക്കുന്ന മറ്റ് രാജവംശങ്ങളിലൊക്കെ കുടുംബത്തിലെ മൂത്ത പുരുഷന് ഭരണാധികാരിയാകുമ്പോള്‍ അറയ്ക്കല്‍ രാജവംശത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയാവും കിരീടാവകാശി. പുരുഷനാണെങ്കില്‍ ആദിരാജയെന്നും സ്ത്രീയാണെങ്കില്‍ ആദിരാജ ബീബിയെന്നും അറിയപ്പെടും. അറയ്ക്കല്‍ രാജവംശം സ്ത്രീകള്‍ക്ക് നല്കിയ പരിഗണനയും ആദരവുമാണ് ഇതിലൂടെ വ്യക്തമാവുന്നത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷവും ഇന്ത്യന്‍ ഭരണകൂടം അറയ്ക്കലിന്റെ രാജപദവി അംഗീകരിച്ചുവരുന്നുണ്ട്. ബ്രിട്ടീഷുകാരുമായുണ്ടാക്കിയ കരാര്‍ പ്രകാരമുള്ള മാലിഖാന (ഭൂമിവിട്ടുകൊടുത്ത ജന്മികള്ക്ക് ഉപജീവനാര്‍ത്ഥം വര്‍ഷം തൊറും നല്കുന്ന ആദായം) ഇപ്പോഴും ഈ കുടുംബത്തിന് നല്‍കിവരുന്നത് അങ്ങനെയാണ്. ഇപ്പോള്‍ ലഭിക്കുന്ന തുക ആചാരങ്ങളും മറ്റും നിലനിര്‍ത്താന്‍ തികയാത്ത സാഹചര്യത്തില്‍ വര്‍ധനവ് ആവശ്യപ്പെട്ട് രാജ കുടുംബം രംഗത്തുവന്നിട്ടുണ്ട്. 56 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അറയ്ക്കല്‍ രാജകുടുംബത്തിന്റെ സ്വത്തുക്കള്‍ ഓഹരിവെച്ചത്. അറയ്ക്കല്‍ സമുച്ചയവും പ്രധാന കെട്ടിടവും ഉള്‍പ്പെടുന്ന അഞ്ചര ഏക്കര്‍ സ്ഥലം ഭരണാധികാരിയുടെ കൈയിലാണ്. ഓരോ കാലത്തും ഭരണത്തിലെത്തുന്നവരുടെ ഉടമസ്ഥതയിലാവും ഈ വസ്തുക്കള്‍. നിലവിലെ ഭരണാധികാരിയുടെ മകനാണ് ഇപ്പോള്‍ അറയ്ക്കല്‍ മ്യൂസിയത്തിന്റെ നടത്തിപ്പ് ചുമതല. രാജവംശം വിവിധ കാലങ്ങളിലായി സ്ഥാപിച്ച 50 ഓളം പള്ളികള്‍ ഈ ഭാഗത്തുണ്ടത്രെ. ഇവയുടെ നടത്തിപ്പ് ചുമതല ഇപ്പോഴും അറയ്ക്കല്‍ കുടുംബത്തിന് തന്നെയാണ്. അറയ്ക്കല്‍ കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകതയാണ് കെടാവിളക്ക്. നൂറ്റാണ്ടുകളായി കത്തിക്കൊണ്ടിരിക്കുന്ന ഈ വിളക്ക് ‘തമ്പുരാട്ടി വിളക്ക്’ എന്നാണറിയപ്പെടുന്നത്. അറയ്ക്കല്‍ രാജവംശത്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
അറയ്ക്കല്‍ കെട്ടിന്റെ ഓരോ ഭാഗങ്ങളും പോയകാലഘട്ടങ്ങളുടെ പ്രതാപം വിളിച്ചോതുന്നുണ്ട്. ഇന്നലെയുടെ ചരിത്രവും സ്മാരകങ്ങളും ഇന്നത്തെ തലമുറക്ക് പാഠമാണ്. അതിനാല്‍ തന്നെ ഒരുപാട് ചരിത്രങ്ങള്‍ പറയുന്ന അറയ്ക്കല്‍ രാജവംശത്തിന്റെ അവശേഷിപ്പുകളൊക്കെ മതിയായ സംരക്ഷണത്തോടെ സംരക്ഷിക്കേണ്ടതുണ്ട്.