പാറപ്പുറത്തു വലിഞ്ഞു കയറിയും, ട്രെയിനിനു കുറുകെ ചാടിയും എന്നു വേണ്ട എന്തു കഷ്ടപ്പെട്ടും നാലു സെൽഫിയെടുത്തു ഫെയ്സ്ബുക്കിൽ പോസ്റ്റി തന്റെ സുഹൃത്തിനെക്കാൾ അഞ്ചു ലൈക്കു കൂടുതൽ വാങ്ങിക്കഴിയുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ.. അത് ഒന്നാം റാങ്കു കിട്ടിയാലും ഉണ്ടാകില്ലെന്നു പറഞ്ഞു നടക്കുന്ന യൂത്തൻമാരും, പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് ആരും കാണാതെ ഒളിച്ചു നിന്ന് സെൽഫിയെടുക്കുന്ന ന്യൂജെന് രക്തം ഉള്ളിലുള്ള ചില സീനിയർ സിറ്റിസൺസും, ഇതെല്ലാം ചെയ്യുന്നത് ഫെയ്സ്ബുക്കിൽ പോസ്റ്റുവാനാണെന്നത് എല്ലാവർക്കുമറിയാവുന്ന പച്ചയായ ഒരു സത്യം.
ഫെയ്സ്ബുക്കിൽ ഇങ്ങനെ പോസ്റ്റുകൾ പല പോസിലും രൂപത്തിലും വീഴ്ത്തുവാൻ ശ്രദ്ധിക്കുന്നതിനിടയ്ക്കു ഇടുന്ന പോസ്റ്റുകള് ആരെങ്കിലും ചൂണ്ടണൊണ്ടോ, അക്കൗണ്ട് എത്ര സുരക്ഷിതമാണ് എന്നൊക്കെ നോക്കാൻ ഇവർക്കു സമയം കിട്ടാറില്ല. കഷ്ടപ്പെട്ടു നേടുന്ന ലൈക്കിനു നൂറിന്റെ നോട്ടിനെക്കാൾ വില കൽപ്പിക്കുന്നവർ ലൈക്കുണ്ടാക്കുവാന് ശ്രമിച്ച് ശരിക്കും പുലിവാലു പിടിച്ച സംഭവങ്ങളും ചെറുതല്ല. സുരക്ഷയൊന്നും പ്രശ്നമല്ല എന്നതാണ് ഇവരുടെ മനോഭാവം. ന്യൂജെൻ ചോരയുടെ ഈ സെൽഫി ജ്വരവും ത്വരവും സ്വകാര്യതയിലുള്ള ഉദാസീനതയും മനസിലാക്കിയിട്ടോ എന്തോ, ചില നൂതന പരിഷ്കാരങ്ങൾ വരുത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. സുരക്ഷ ഉറപ്പാക്കാനും, സ്വകാര്യത സംരക്ഷിക്കുവാനും മാത്രമല്ല ചില അനാവശ്യ പൊല്ലാപ്പുകളെ ‘അതിർത്തി’ക്കപ്പുറത്തു നിർത്തുവാനും ഫെയ്സ്ബുക്ക് വഴിയൊരുക്കുന്നുണ്ട്. ഇതിലെല്ലാമുപരിയായി സ്വന്തം പേരിന്റെ ഉച്ചാരണം അന്യരാജ്യക്കാർക്കും (അന്യഭാഷക്കാർക്കും) മനസിലാക്കുവാനുള്ള ഉപാധിയും ഫെയ്സ്ബുക്ക് നൽകുന്നു. ഇതാ ഫെയ്സ്ബുക്ക് ന്റെ പുതിയ ചില കണ്ടെത്തലുകൾ.
1. കൂടിയ സുരക്ഷയ്ക്കു വൺ ടൈം പാസ്വേഡ്
ഇന്റര്നെറ്റ് കഫേ പോലുള്ള പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ സുരക്ഷയെക്കുറിച്ച് അതി ശ്രദ്ധാലുക്കളായിരിക്കണം നാം. ഇതു പോലെ പലർ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിൽ നിന്നും ഫെയ്സ്ബുക്ക് ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ സുരക്ഷ ഉറപ്പാക്കുവാൻ ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് വൺ ടൈം പാസ്്വേഡ്. തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയെ മുൻനിർത്തി ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന ഈ സേവനം ലഭിയ്ക്കുന്നതിനായി 32665 എന്ന നമ്പരിലേയ്ക്കു നിങ്ങൾ ഒറ്റിപി (otp) എന്നു ടൈപ്പു ചെയ്ത് അയച്ചാൽ മതിയാകും. ഇങ്ങനെ ലഭിയ്ക്കുന്ന എട്ടു ഡിജിറ്റ് പാസ്്വേഡ് അടുത്ത 20 മിനിട്ടു നേരത്തേയ്ക്കു മാത്രമാകും ഉപയോഗപ്രദം. അതിനു ശേഷം ഈ പാസ്്വേഡ് ഉപയോഗിക്കുവാനാകില്ല.
2. ത്രിതല സുരക്ഷ
വൺടൈം പാസ്്വേഡിനു പുറമെ സുരക്ഷയ്ക്കു ഊന്നൽ നൽകി ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് ത്രിതല സുരക്ഷാ ഫീച്ചറുകൾ. മറ്റുളളവർ നിങ്ങളുെട അക്കൗണ്ടുപയോഗിക്കുവാൻ ശ്രമിക്കുകയോ, സാധാരണ ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ കംപ്യൂട്ടറിൽ നിന്നു ലോഗിൻ ചെയ്യുവാൻ ശ്രമിക്കുമ്പോഴോ ഈ ഫീച്ചർ പ്രവർത്തിക്കുവാൻ തുടങ്ങും. മുന്പു സ്ഥിരമായി ഉപയോഗിച്ചിരുന്നതും ഇപ്പോൾ ഉപയോഗിക്കുന്നില്ലാത്തതുമായ എല്ലാ ഉപകരണങ്ങളിൽ നിന്നും ലോഗൗട്ട് ചെയ്യുവാനുള്ള ഓപ്ഷനും ഫെയ്സ്ബുക്ക് ഇപ്പോൾ നൽകുന്നു. ഈ സേവനം ഉപയോഗിക്കുന്നതിന് https://www.facebook.com/help/securitycheckup എന്ന ലിങ്ക് സന്ദർശിക്കുക. നിലവിൽ വെബ് ഉപയോക്താക്കൾക്കു മാത്രമാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്. മൊബൈലിൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവർ അൽപം കൂടി കാത്തിരിക്കേണ്ടി വരും എന്നു ചുരുക്കം.
3. അനാവശ്യ ‘ശല്യങ്ങൾ’ ഒഴിവാക്കാൻ അൺസബ്സ്ക്രൈബ്
സുഹൃത്തുക്കൾ അതു ചെയ്തു, ഇന്ന സുഹൃത്ത് മറ്റേ സുഹൃത്തിനു ലൈക്കടിച്ചു, ഇവിടെ ഒരാൾ പോസ്റ്റു ചെയ്തു എന്നൊക്കെ വിളിച്ചറിയിച്ചു കൊണ്ടെത്തുന്ന നോട്ടിഫിക്കേഷനുകൾ ചിലപ്പോഴെങ്കിലും അലോസരമായി മാറാറുണ്ട്. ഇത്തരം നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുവാനുള്ള മാർഗവും ഫെയ്സ്ബുക്കു നൽകുന്നു. ഫെയ്സ്ബുക്കിൽ നോട്ടിഫിക്കേഷനുകൾ നോക്കുമ്പോൾ രണ്ട് ഓപ്ഷനുകൾ കാണാം. ഇതിലെ സെറ്റിങ്സ് ബട്ടണിൽ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷനുകൾ ക്രമീകരിക്കുകയോ, വിലക്കുകയോ ചെയ്യാനാകും.
ഇനി വ്യക്തിഗത നോട്ടിഫിക്കേഷനുകൾ ക്രമീകരിക്കുന്നതിനോ വിലക്കുന്നതിനോ വന്നിരിക്കുന്ന നോട്ടിഫിക്കേഷൻ തെരഞ്ഞെടുത്ത് വ്യക്തിഗത നോട്ടിഫിക്കേഷനുകളെ ക്രമീകരിക്കുവാനും വിലക്കുവാനുമുള്ള സ്വാതന്ത്ര്യവും ഫെയ്സ്ബുക്ക് നൽകുന്നുണ്ട്. മൊബൈലിൽ ഈ സേവനം ലഭിക്കുന്നതിന് ഒറിജിനൽ പോസ്റ്റ് തിരഞ്ഞെടുത്ത് മുകളിലുള്ള ആരോ മാർക്ക് തിരഞ്ഞെടുക്കുമ്പോൾ ടേൺ ഓഫ് നോട്ടിഫിക്കേഷൻ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്.
4. ബന്ധങ്ങൾ രഹസ്യമായി വയ്ക്കാം
കല്ല്യാണം കഴിയ്ക്കുന്നത് ഒരു കുറ്റമൊന്നുമല്ലെങ്കിലും ഫെയ്സ്ബുക്കിൽ കയറിക്കൂടുന്ന ചില വിരുതർക്കെങ്കിലും കല്യാണം കഴിഞ്ഞ കാര്യം മൂടിവയ്ക്കുന്നതിലാണു താത്പര്യം. വെറൊന്നിനുമല്ല കല്യാണം കഴിഞ്ഞവർക്കു കിട്ടുന്ന ലൈക്കുകളുടെ എണ്ണം കുറവാണെന്നതു തന്നെ. ചുമ്മാ കിട്ടാൻ സാധ്യതയുള്ള ഒരു ലൈക്ക് കളഞ്ഞു കുളിക്കണോ എന്നാണ് ഇക്കൂട്ടരുടെ ചിന്ത. കാര്യമെന്തൊക്കെയായാലും ഇക്കൂട്ടരെ ലക്ഷ്യമിട്ടാണെന്നു തോന്നുന്നു ബന്ധങ്ങൾ രഹസ്യമാക്കി വയ്ക്കാനും ഫെയ്സ്ബുക്ക് ഓപ്ഷൻ നൽകുന്നുണ്ട്.
ഫെയ്സ്ബുക്കിന്റെ എബൗട്ട് സെക്ഷനിലെ ഫാമിലി ആൻഡ് റിലേഷൻഷിപ് ഓപ്ഷൻ തിരഞ്ഞെടുത്ത് റിലേഷൻഷിപ് മറ്റുള്ളവർക്കു കാണാനാവാത്ത വിധത്തിൽ (ഒൺലി മീ) ക്രമീകരിക്കുവാനാകും. ഇനി സുഹൃത്തുക്കൾക്കു മാത്രമായി കാണാവുന്ന തരത്തിലോ എല്ലാവർക്കും കാണാനാവുന്ന തരത്തിലോ ഇതു ക്രമീകരിക്കുവാനുള്ള ഓപ്ഷനും ഫെയ്സ്ബുക്ക് നൽകുന്നുണ്ട്. സ്വകാര്യജീവിതത്തിലേയ്ക്ക്് അനാവശ്യമായി അന്യർ കടന്നു വരാതിരിക്കുന്നതിനു വേണ്ടിയാണ് ഈ ഫീച്ചർ ഫെയ്സ്ബുക്ക് നൽകിയിരിക്കുന്നത് എന്ന കാര്യം വിസ്മരിക്കാതിരിക്കുക.
5. ഫോട്ടോ എഡിറ്റു ചെയ്യാം, സ്റ്റിക്കർ ചേർത്തു മനോഹരമാക്കാം
ഈ അടുത്ത കാലത്താണ് പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾ എഡിറ്റു ചെയ്യുന്നതിനുള്ള ഓപ്ഷൻ ഫെയ്സ്ബുക്ക് നൽകിത്തുടങ്ങിയത്. സ്വന്തം ഫോട്ടോകൾ കൂടുതൽ മനോഹരമാക്കുവാനുള്ള ഓപ്ഷനു പുറമെ ഫോട്ടോയുടെ മൂഡു വ്യക്തമാക്കുവാൻ സഹായിക്കുന്ന ഇമോട്ടിക്കോൺ സ്റ്റിക്കറുകൾ അടക്കം ഫോട്ടോയിൽ ചേർക്കുന്നതിനുള്ള സൗകര്യവും ഫെയ്സ്ബുക്ക് നൽകുന്നു. കൂടുതൽ കൗതുകം ജനിപ്പിക്കുന്ന തരത്തിൽ ചിത്രങ്ങൾ അപ്്്ലോഡ് ചെയ്യുന്നതിന് ഈ ഫീച്ചർ സഹായിക്കുന്നു.
6. നാക്കുളുക്കുന്ന പേര് ശരിയായി ഉച്ചരിക്കാനും ഉണ്ട് വിദ്യ!
ഇംഗ്ലീഷിനു പുറമെ എൺപതോളം ഭാഷകളിൽ ഫെയ്സ്ബുക്ക് ചാറ്റിങ് നടക്കുന്നുവെന്നു പറയപ്പെടുന്നു. അതായത് ജർമൻകാരും ചൈനക്കാരും ജപ്പാൻകാരും അടക്കമുള്ളവർ നിങ്ങളുമായി സൗഹൃദം പങ്കിടുവാനെത്തിയേക്കാം. ഇവർ നിങ്ങളെ എങ്ങനെ വിളിക്കും. അവരുടെ നാവിനു വഴങ്ങുന്നതാണോ മലയാളികളുടെ പേരുകൾ. മലയാളികൾക്കു തിരിച്ചും ഇതു തന്നെ അസ്ഥ. അവരുടെ പേരുകൾ വായിച്ചെടുക്കാൻ പെടുന്ന പാട്! ഇനി ഇത്തരം പേരുകൾ നാവിനു വഴങ്ങുന്നതാണെങ്കിലും അല്ലെങ്കിലും പേടിക്കണ്ട. ഇത്രയധികം ഭാഷകൾ ഉപയോഗിക്കുന്നവർ നിങ്ങളുടെ പേര് എങ്ങനെ ഉച്ചരിക്കണമെന്നു നിങ്ങൾക്കു തീരുമാനിക്കാം.
നിങ്ങളുടെ പ്രൊഫൈലിലെ എബൗട്ട് സെക്ഷനിൽ കാണുന്ന ഡീറ്റയിൽസ് എബൗട്ട് യു എന്ന ലിങ്കില് ക്ലിക്ക് ചെയ്യുക. അവിടെ നൽകിയിരിക്കുന്ന നെയിം പ്രെനൻസിയേഷൻ (പേര് ഉച്ചാരണം) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്കു നിങ്ങളുടെ പേരും ഇനീഷ്യൽ പേരും എങ്ങനെ ഉച്ചരിക്കണമെന്നു ക്രമീകരിക്കാം. ക്രമീകരിക്കുന്നതിനു മുൻപായി പേരു കേട്ടു നോക്കുവാനുള്ള സംവിധാനവും ഫെയ്സ്ബുക്ക് ഒരുക്കിയിരിക്കുന്നു. നല്കിയിരിക്കുന്ന ഓപ്ഷനുകൾ ഒന്നും പ്രവർത്തിക്കുന്നില്ലെങ്കിൽ ഫണറ്റിക് പ്രൊനൗൺസർ ഉപയോഗിച്ചു ടൈപ്പു ചെയ്തും നിങ്ങളുടെ പേർ ക്രമീകരിക്കാം. (ഈ സേവനം ഫെയ്സ്ബുക്കിന്റെ മൊബൈൽ ഉപയോക്താക്കൾക്കു മാത്രമേ ലഭിയ്ക്കുകയുള്ളു.)